Europe
ബർമിംഗ്ഹാം: ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ രൂപതയുടെ ഒൻപതാമത് രൂപത ബൈബിൾ കലോത്സവം നവംബർ 21ന് സ്കൺതോർപ്പിൽ നടക്കും. ഈ വർഷത്തെ കലോത്സവത്തിനായുള്ള പുതുക്കിയ നിയമാവലി രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ പ്രകാശനം ചെയ്തു.
രൂപതയുടെ ഈ വർഷത്തെ പ്രേമേയമായ "അച്ചടക്കത്തിന്റെ വർഷം' (Year of Discipline)നോട് ചേർന്നിനിന്നുകൊണ്ട് "താൻ സ്നേഹിക്കുന്നവന് കർത്താവ് ശിക്ഷണം നൽകുന്നു...' - ഹെബ്രായർ 12:6 എന്ന വചനമാണ് ഈ വർഷത്തെ കലോത്സവ ആപ്തവാക്യമായി സ്വീകരിച്ചിരിക്കുന്നത്.
ഓൺലൈനായി സംഘടിപ്പിച്ച പ്രകാശനച്ചടങ്ങിൽ പ്രോട്ടോ സിഞ്ചെല്ലൂസ് വെരി റവ.ഫാ. ആന്റണി ചുണ്ടെലിക്കാട്ട്, ചാൻസലർ വെരി. റവ.ഫാ. മാത്യു പിണക്കാട്ട്, കമ്മീഷൻ ചെയർമാൻ റവ.ഫാ. ജോർജ് എട്ടുപറയിൽ, കമ്മീഷൻ കോഓർഡിനേറ്റർ ജോൺ കുര്യൻ, ജോയിന്റ് കോഓർഡിനേറ്റർമാരായ മർഫി തോമസ്, ജിമ്മിച്ചൻ ജോർജ്, മറ്റ് ബൈബിൾ അപ്പോസ്തോലേറ്റ് കമ്മീഷൻ അംഗങ്ങൾ, രൂപത റെഗുലേറ്ററി കമ്മീഷൻ ലീഡേഴ്സ് ഷിബു വെളുത്തേപള്ളി, പോൾ ആന്റണി, സജി മാളിക്കൽ, ബൈബിൾ അപ്പോസ്തോലേറ്റ് ജനറൽ ബോഡി അംഗങ്ങൾ എന്നിവർ സന്നിഹിതരായിരുന്നു.
എല്ലാ റീജിയണുകളിലും ഒരേ മാനദണ്ഡത്തിൽ മത്സരങ്ങൾ നടത്തുന്നതിനായി ഈ വർഷവും മത്സരവിഷയങ്ങളും നിയമാവലിയും ക്രമീകരിച്ചിരിക്കുകയാണ്. കഴിഞ്ഞ വർഷങ്ങളിലെ കലോത്സവങ്ങളിൽ നിന്നു ലഭിച്ച നിർദേശങ്ങൾ പരിഗണിച്ച് ആവശ്യമായ മാറ്റങ്ങളും പുതുക്കിയ നിയമാവലിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
കഴിഞ്ഞ വർഷങ്ങളിൽ നിന്നു വ്യത്യസ്തമായി, ഈ വർഷം മുതൽ സുറിയാനി സോളോ സോംഗ് മത്സര ഇനമായി ഉൾപ്പെടുത്തിയിട്ടുണ്ട്. ബൈബിൾ വചനം കൂടുതൽ പഠിക്കുന്നതിനായി ബൈബിൾ വചന എഴുത്തുമത്സരം ഈ വർഷം മുതൽ മത്സര ഇനത്തിൽ ചേർത്തിട്ടുണ്ട്.
കൂടാതെ മാർഗംകളി മത്സരങ്ങൾ രണ്ട് പ്രായവിഭാഗങ്ങളിലായി സംഘടിപ്പിക്കും. വയലിൻ, ഗിറ്റാർ മത്സരങ്ങളും ഈ വർഷം മുതൽ പുതുതായി ആരംഭിക്കുന്നതാണ്.
മത്സര ഇനമല്ലെങ്കിലും കുട്ടികളുടെയും മുതിർന്നവരുടെയും സർഗാത്മക കഴിവുകൾ പ്രോത്സാഹിപ്പിക്കുന്നതിനായി കലോത്സവ സുവനീറിലേക്കായി രചനകൾ ക്ഷണിച്ചിട്ടുണ്ട്.
ഇ-മെയിൽ വഴി ലഭിക്കുന്ന മികച്ച രചനകൾ സുവനീറിൽ പ്രസിദ്ധീകരിക്കും. റീജിയണൽ മത്സരങ്ങൾ നവംബർ ഒന്നിനകം പൂർത്തിയാക്കേണ്ടതാണ്.
ഓരോ റീജിയണിൽ നിന്നും രൂപതാതല മത്സരത്തിന് യോഗ്യത നേടിയവരുടെ രജിസ്ട്രേഷൻ വിവരങ്ങൾ റീജിയണൽ കലോത്സവ കോഓർഡിനേറ്റർമാർ നവംബർ രണ്ടിനകം രൂപത ബൈബിൾ അപ്പോസ്തോലേറ്റിനെ അറിയിക്കണം.
ഓരോ പ്രായവിഭാഗത്തിലും റീജിയണൽ തലത്തിൽ ഒന്നാം സ്ഥാനം നേടുന്ന മത്സരാർഥികൾക്കാണ് രൂപതാതല മത്സരത്തിലേക്ക് യോഗ്യത ലഭിക്കുക.
മുതിർന്നവർക്കായുള്ള ഉപന്യാസ മത്സരത്തിലും റീജിയണൽ തലത്തിൽ വിജയികളായവർക്കാണ് രൂപതാതല മത്സരത്തിൽ പങ്കെടുക്കാൻ അവസരം ലഭിക്കുക.
എപ്പാർക്കി തലത്തിൽ സംഘടിപ്പിക്കുന്ന ഷോർട്ട് ഫിലിം മത്സരത്തിനുള്ള പേരുകൾ രജിസ്റ്റർ ചെയ്യാനുള്ള അവസാന തീയതി ഒക്ടോബർ 10 ആണ്. മത്സരത്തിനായുള്ള ഷോർട്ട് ഫിലിം ഒക്ടോബർ 18 രാത്രി 12ന് മുമ്പായി സമർപ്പിക്കണം.
രൂപത ബൈബിൾ അപ്പോസ്തോലേറ്റിന്റെ നേതൃത്വത്തിൽ വിവിധ കമ്മീഷനുകളുടെ കൂട്ടായ പ്രവർത്തനഫലമായാണ് എല്ലാ വർഷവും ബൈബിൾ കലോത്സവം സംഘടിപ്പിക്കുന്നത്.
ഈ വർഷത്തെ കലോത്സവ നിയമാവലിയും മത്സരവിഷയങ്ങളും അറിയുന്നതിനായി ബൈബിൾ അപ്പോസ്തോലേറ്റ് വെബ്സൈറ്റ് സന്ദർശിക്കാവുന്നതാണ് എന്നും ബൈബിൾ അപ്പൊസ്തലേറ്റിന് വേണ്ടി ജിമ്മിച്ചൻ ജോർജ് അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കുക: https://smegbbiblekalotsavam.com/kalotsavam-2026/
NRI
നോർത്ത് ടെക്സസ്: ഷിക്കാഗോ സീറോമലബാർ രൂപതയുടെ സിൽവർ ജൂബിലി ആഘോഷങ്ങളുടെ സമാപനത്തോടനുബന്ധിച്ച് 2026 ജൂലൈ 9, 10, 11, 12 തീയതികളിൽ ഷിക്കാഗോയിലെ മക്കോർമിക് പ്ലേസ് കൺവൻഷൻ സെന്ററിൽ വച്ചു നടക്കുന്ന സീറോ മലബാർ യുഎസ്എ കൺവൻഷന്റെ ഇടവകതല രജിസ്ട്രേഷൻ കിക്കോഫ്, വിശുദ്ധ മറിയം ത്രേസ്യായുടെ മധ്യസ്ഥതയിലുള്ള അമേരിക്കയിലെ ആദ്യ ദേവാലയമായ സെന്റ് മറിയം ത്രേസ്യാ സീറോ മലബാർ മിഷനിൽ വിജയകരമായി നടന്നു.
കൺവൻഷൻ രജിസ്ട്രേഷൻ കിക്കോഫ് മാർ. ജോയ് ആലപ്പാട്ട് നിർവഹിച്ചു. മിഷൻ ഡയറക്ടർ ഫാ. ജിമ്മി എടക്കുളത്തൂർ കുര്യൻ ആദ്യ രജിസ്ട്രേഷൻ ഏറ്റുവാങ്ങി. നിരവധി വിശ്വാസികൾ കൺവൻഷനിൽ പങ്കെടുക്കാൻ താത്പര്യം അറിയിക്കുകയും രജിസ്റ്റർ ചെയ്യുകയും ചെയ്തു.
ഷിക്കാഗോ സീറോമലബാർ രൂപതയുടെ ഒരു വർഷം നീണ്ടുനിന്ന ജൂബിലി ആഘോഷങ്ങളുടെ സമാപനവും, രൂപതയുടെ പ്രഥമ മെത്രാൻ മാർ ജേക്കബ് അങ്ങാടിയത്തിന്റെ മെത്രാഭിഷേക രജതജൂബിലിയും കൺവൻഷനോടനുബന്ധിച്ച് ആഘോഷിക്കുന്നുണ്ട്.
കൺവൻഷനിൽ എല്ലാവരും പങ്കെടുക്കണമെന്ന് മാർ ജോയ് ആലപ്പാട്ട് അഭ്യർഥിച്ചു. കൺവൻഷൻ നാഷണൽ കോർഡിനേറ്റർ പോളി കണ്ണൂക്കാടൻ, കൺവൻഷൻ ഫിനാൻസ് ചെയർ ആൻഡ്രൂസ് തോമസ് എന്നിവർ കൺവൻഷന്റെ പ്രാധാന്യത്തെക്കുറിച്ചും ഒരുക്കങ്ങളെക്കുറിച്ചും വിശദീകരിച്ചു.
കിക്കോഫ് ചടങ്ങുകൾക്ക് മിഷൻ ഡയറക്ടർ ഫാ. ജിമ്മി എടക്കുളത്തൂർ കുര്യൻ, ട്രസ്റ്റിമാരായ റെനോ അലക്സ്, ബോസ് ഫിലിപ്പ്, ഫെയ്ത്ത് ഫോർമേഷൻ കോർഡിനേറ്റർ വിനു ആലപ്പാട്ട്, അക്കൗണ്ടന്റ് റോയ് വർഗീസ് തുടങ്ങിയവർ നേതൃത്വം നൽകി.
2026 ജൂലൈ മാസം നടക്കുന്ന സീറോമലബാർ കൺവൻഷൻ, രൂപതയുടെ ചരിത്രത്തിൽതന്നെ സ്ഥാനം പിടിക്കുന്ന തലത്തിൽ വിജയകരമാക്കി തീർക്കുവാൻ വിപുലമായ കമ്മിറ്റി പ്രവർത്തിച്ചു വരുന്നതായി ഭാരവാഹികൾ അറിയിച്ചു.
ഡിസംബർ 31 വരെ ഇളവ്: കൺവൻഷന്റെ മുന്നോടിയായി രൂപതയിലെ വിവിധ പള്ളികളിൽ കൺവൻഷൻ കിക്കോഫുകൾ വിജയകരമായി നടന്നുവരുന്നു. ഇപ്പോൾ രജിസ്റ്റർ ചെയ്യുന്നവർക്ക് ഹോട്ടൽ ബുക്കിംഗ് നിരക്കിൽ ഇളവ് ലഭിക്കും.
ഈ ഇളവ് ഡിസംബർ 31 വരെ മാത്രമേ ലഭിക്കൂ എന്നും, ഈ അവസരം എല്ലാവരും ഉപയോഗിക്കണമെന്നും ഭാരവാഹികൾ അഭ്യർഥിച്ചു.